Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് അപ്രതീക്ഷിതവും എന്നാൽ രസകരവുമായ അനുഭവം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് വഴി നൽകാനായി റോഡ് അടച്ചതോടെയാണ് മക്രോൺ കുരുക്കിലായത്.

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തെ പ്രസംഗം കഴിഞ്ഞ് ഫ്രഞ്ച് എംബസിയിലേക്ക് മടങ്ങുകയായിരുന്നു മക്രോൺ. ഈ സമയത്താണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ന്യൂയോർക്ക് പോലീസ് അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്. യുഎസ് പ്രസിഡന്റിന്റെ വാഹനവ്യൂഹം കടന്നുപോകേണ്ടതിനാൽ റോഡ് ‘ഫ്രീസ്’ ചെയ്തിരിക്കുകയാണെന്നും ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും പോലീസ് മക്രോണിനെ അറിയിച്ചു.

കാറിൽ നിന്നിറങ്ങിയ മക്രോൺ, തനിക്ക് ഒരു കിലോമീറ്റർ ദൂരമുള്ള എംബസിയിലേക്ക് കാൽനടയായി പോകാൻ അനുവദിക്കണമെന്ന് ചിരിച്ചുകൊണ്ട് പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ പോലീസുകാർ ഇതിന് വിസമ്മതിച്ചു. പ്രസിഡന്റ് ക്ഷമിക്കണം തങ്ങളുടെ പ്രസിഡന്റിന്റെ വാഹ​ന വ്യൂഹം കടന്ന് പോകേണ്ടതിനാൽ റോഡ് തുറക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു.

റോഡ് തുറക്കാനാകില്ലെന്ന് ഉറപ്പായതോടെ, രസികനായ മക്രോൺ ഉടൻ തന്നെ തന്റെ ഫോണെടുത്ത് ഡൊണാൾഡ് ട്രംപിനെ വിളിച്ചു. ബാരിക്കേഡിന് സമീപം ചാരിനിന്ന് അദ്ദേഹം ട്രംപിനോട് തമാശരൂപേണ ഇങ്ങനെ പറഞ്ഞു: “ഞാൻ റോഡരികിൽ കാത്തിരിക്കുകയാണ്, നിങ്ങൾ കാരണം റോഡ് എല്ലാം അടച്ചിട്ടിരിക്കുകയാണ്. എന്റെ വാഹനം പോലീസ് തടഞ്ഞു വെച്ചു, എനിക്ക് പോകാൻ കഴിയുന്നില്ല.”

ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയ ശേഷം റോഡ് കാൽനടയാത്രക്കാർക്ക് വേണ്ടി തുറന്നു. തുടർന്ന്, വാഹനം ഉപേക്ഷിച്ച് ഫോണിൽ സംസാരിച്ചുകൊണ്ട് മക്രോൺ ന്യൂയോർക്ക് നഗരത്തിലൂടെ നടന്നു എംബസിയിലേക്ക് പോയി.

വലിയ സുരക്ഷാ സന്നാഹങ്ങളില്ലാതെ സാധാരണക്കാർക്കിടയിലൂടെ നടന്ന ഫ്രഞ്ച് പ്രസിഡന്റിനെ കണ്ട് ആളുകൾ അത്ഭുതപ്പെട്ടു. അദ്ദേഹം വഴിയാത്രക്കാർക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും സൗഹൃദപരമായി സംസാരിക്കുകയും ചെയ്തു. രാജ്യത്തലവന്റെ ഈ വിനയവും ലാളിത്യവും തമാശ നിറഞ്ഞ പെരുമാറ്റവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

In Case You Missed It