Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ഷാർജ: ഷാർജയിൽ ദാരുണമായി കാറപകടത്തിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരനായ മകന്റെ മരണത്തിൽ കാർ ഡ്രൈവർക്ക് മാപ്പ് നൽകി പ്രവാസി മലയാളി കുടുംബം. “ഒന്നിനും അവനെ തിരികെ കൊണ്ടുവരാനാവില്ല” എന്ന തിരിച്ചറിവിലാണ് ഷറഫുദ്ദീനും കുടുംബവും ഈ തീരുമാനമെടുത്തത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും ഏക മകനാണ് ഒരു വയസ്സും ഒൻപത് മാസവും പ്രായമുള്ള അലൻ, ദുബായിൽ ഖബറടക്കിയ ശേഷം കുടുംബം നാട്ടിലേക്ക് മടങ്ങി. ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ ഏക മകനായിരുന്നു അവൻ. ദാരുണമായ ആ അപകടം നടക്കുമ്പോൾ ഷറഫുദ്ദീന്റെ ഭാര്യയും മകനും സന്ദർശക വിസയിൽ യുഎഇയിൽ എത്തിയതായിരുന്നു. ഓർഡറുകളുടെയും കളക്ഷന്റെയും ചുമതലയുള്ള സെയിൽസ് പ്രൊഫഷണലായിരുന്നു ഷറഫുദ്ദീൻ . ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ ദുരന്ത ദിവസം ഓർത്തെടുക്കുകയാണ് നിലവിൽ നാട്ടിലുള്ള ഷറഫുദ്ദീനും ഭാര്യയും. കഴിഞ്ഞ ആഴ്ചയായിരുന്നു ഷാർജയിലെ മുവൈലയിലുള്ള സാൻഡി പാർക്കിംഗ് ഏരിയയിൽ വെച്ചുണ്ടായഅപകടത്തിൽ ആ കുഞ്ഞ് അലൻ കൊല്ലപ്പെട്ടത്.

രാവിലെ ജോലി തുടങ്ങുകയും ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ആദ്യ ഷിഫ്റ്റ് അവസാനിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഷറഫുദ്ദീന്റെ ജോലി രീതി. എന്നാൽ ആ വിധിദിവസം, കുടുംബത്തിന്റെ പതിവ് രീതികളിൽ മാറ്റം വന്നു. “എനിക്ക് ഓഫീസിൽ പോകേണ്ടി വന്നു, അവിടെ കുറച്ച് വൈകി,” അദ്ദേഹം ഓർത്തെടുത്തു. “അതുകൊണ്ട് എന്നെ കാത്തുനിൽക്കാതെ ഉച്ചഭക്ഷണം കഴിക്കാൻ ഞാൻ അവരോട് പറഞ്ഞു, ജോലി കഴിഞ്ഞ് നമുക്ക് പുറത്തുപോകാമെന്നും പറഞ്ഞു. ഡിഐപിയിലും (DIP) അൽ ഖൂസിലുമുള്ള ജോലികൾ തീർത്ത് ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എനിക്ക് ആ ഫോൺ കോൾ വരുന്നത്.”

അപകടം നടന്ന ദിവസം, ഷറഫുദ്ദീന്റെ ഭാര്യ മകനൊപ്പം ഫ്ലാറ്റിന് താഴെ മാലിന്യം കളയാൻ ഇറങ്ങിയതായിരുന്നു. അവിടെ കുട്ടികൾ കളിക്കുന്ന ഇടത്ത് വെച്ച് മറ്റൊരു കുട്ടിയോടൊപ്പം പൂച്ചയുടെ പുറകെ ഓടിയ അലൻ, അമ്മ തന്നെ പിടിക്കാൻ വരികയാണെന്ന് കരുതി ചിരിച്ചുകൊണ്ട് ഓടുന്നതിനിടയിൽ പാർക്കിംഗിൽ നിന്നും വരികയായിരുന്ന കാറിൽ തട്ടുകയായിരുന്നു. കാർ ഡ്രൈവർ തന്റെ ഭാര്യയെ വിളിക്കാൻ കാർ എടുക്കുന്ന സമയത്തായിരുന്നു ഈ ദാരുണ സംഭവം.

അപകടത്തിന് കാരണക്കാരനായ ഡ്രൈവറോട് (ഇന്ത്യൻ സ്വദേശി) തങ്ങൾക്ക് പരാതിയില്ലെന്ന് കുടുംബം ഷാർജ പോലീസിന് രേഖാമൂലം അറിയിച്ചു. അദ്ദേഹം ഇന്നലെ രാത്രി തന്റെ വിവരങ്ങളറിയാൻ മെസേജ് അയച്ചിരുന്നുവെന്ന് ഷറഫുദ്ദീൻ ഖലീജ് ടൈംസിനോട് പറഞ്ഞു. നിലവിൽ അദ്ദേഹം ലോക്കപ്പിൽ നിന്നും മോചിതനായിട്ടുണ്ട്.” ആരെയും ശിക്ഷിക്കുന്നത് കൊണ്ട് എന്റെ മകൻ തിരികെ വരില്ല. അപകടം ആരുടെയും കുറ്റമല്ല, എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ അശ്രദ്ധയാണ് ഈ അപകടത്തിന് കാരണം,” ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.

2015-ൽ തുർക്കി തീരത്ത് അടിഞ്ഞ സിറിയൻ ബാലൻ ഐലൻ കുർദിയുടെ സ്മാരാണാർത്ഥമാണ് ദുബായ് താമസക്കാരനായ ഷറഫുദ്ദീൻ തന്റെ മകന് ‘അലൻ’ എന്ന് പേരിട്ടത്. ഐലൻ കുർദിയുടെയും സൂഫി കവി റൂമിയുടെയും സ്മരണയ്ക്കായിട്ടാണ് ഞങ്ങൾ അവന് ‘അലൻ റൂമി’ എന്ന് പേരിട്ടത്,” ഇന്ത്യയിൽ നിന്നും ഖലീജ് ടൈംസിനോട് സംസാരിക്കവെ ഷറഫുദ്ദീൻ പറഞ്ഞു. അവൻ ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചമായിരുന്നു, പക്ഷേ കുറച്ചു കാലം മാത്രമേ അവനെ കൂടെ നിർത്താൻ ഞങ്ങൾക്ക് വിധി ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തകർന്ന സ്വപ്നങ്ങൾ

റമദാൻ അവസാന പത്തിൽ ഉംറയ്ക്ക് പോകാനും, പിന്നീട് ഈദ് ആഘോഷിക്കാൻ നാട്ടിലേക്ക് പോകാനും കുടുംബം പദ്ധതിയിട്ടിരുന്നു. അതിനുശേഷം യുഎഇയിൽ സ്ഥിരതാമസമാക്കാനായിരുന്നു അവരുടെ തീരുമാനം. “ഞങ്ങൾക്ക് ഒട്ടേറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു, പക്ഷേ ദൈവത്തിന് മറ്റ് ചില തീരുമാനങ്ങളായിരുന്നു. ആ വിധി ഞങ്ങൾ അംഗീകരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

നിലവിൽ നാട്ടിലുള്ള ഷറഫുദ്ദീൻ, ഭാര്യയെ തനിച്ചാക്കാതെ ഉടൻ തന്നെ ദുബായിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കളും ഡ്രൈവർമാരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

In Case You Missed It