ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമേകി പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാകുന്നു. ഇന്ത്യൻ മിഷനുകളുടെ കോൺസുലർ സേവനങ്ങളുടെ നടത്തിപ്പ് താൽക്കാലികമായി ഏറ്റെടുത്ത ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ അപേക്ഷകർക്ക് വേഗത്തിലുള്ള സേവനം ഉറപ്പുനൽകി. മുൻകാലങ്ങളിൽ കൂടുതൽ തുക ഈടാക്കി നൽകിയിരുന്ന വിഐപി/പ്രീമിയം സേവനങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു.
സാധാരണക്കാരനും പ്രീമിയം ഉപഭോക്താവിനും ഒരേ നിലവാരത്തിലുള്ള സേവനമാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നു കേന്ദ്രത്തിലെത്തുന്ന ഒരാൾക്ക് അരമണിക്കൂറിനുള്ളിൽ അപേക്ഷ പൂർത്തിയാക്കി മടങ്ങാൻ കഴിയണമെന്നും അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാൻ മുഹമ്മദ് ഹാരിസ് പറഞ്ഞു.ബർ ദുബായിലെ യുഡബ്ല്യു (UW) മാളിൽ പ്രവർത്തിക്കുന്ന അൽഹിന്ദിന്റെ ഫ്ലാഗ്ഷിപ്പ് സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 12,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 75 കൗണ്ടറുകളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രം, ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഔട്ട്‌സോഴ്‌സ് കോൺസുലർ സേവന കേന്ദ്രമാണ്. ഭിന്നശേഷിക്കാർക്കായി പ്രത്യേക കൗണ്ടറുകളും ഇവിടെയുമുണ്ട്.
മുൻ കരാറുകളുടെ കാലാവധി തീർന്നതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ മിഷനുകൾ നേരിട്ടായിരുന്നു കോൺസുലർ സേവനങ്ങൾ നൽകിയിരുന്നത്. ഇത് പ്രവാസികൾക്കിടയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അൽഹിന്ദ് ഔദ്യോഗികമായി സേവനങ്ങൾ ഏറ്റെടുത്തത്.




Comments