അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ നേരിട്ടിരുന്ന അനിശ്ചിതത്വങ്ങൾക്ക് താൽക്കാലിക ആശ്വാസമാകുന്നു. പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലാർ സേവനങ്ങൾ ഇനി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി ലഭ്യമാകും. ജൂലൈ 22 മുതൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ ആഴ്ചകളായി കെട്ടിക്കിടക്കുന്ന അപേക്ഷകൾക്ക് വേഗത്തിൽ തീർപ്പുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സേവനങ്ങൾ മുടങ്ങാതിരിക്കാൻ താൽക്കാലിക കരാർ കമ്പനികളെ ചുമതലപ്പെടുത്താൻ സുപ്രീം കോടതി അനുമതി നൽകിയതിനെ തുടർന്നാണ് എംബസിയുടെ നിർണ്ണായക പ്രഖ്യാപനം.ജൂലൈ 22 മുതൽ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും നേരിട്ടുള്ള പാസ്‌പോർട്ട്, വിസ സേവനങ്ങൾ ലഭ്യമായിരിക്കില്ല. പകരം യുഎഇയിലുടനീളമുള്ള അൽഹിന്ദിന്റെ 16 കേന്ദ്രങ്ങൾ വഴിയാകും സേവനങ്ങൾ നൽകുക.
അപോയിന്റ്മെന്റും പ്രവർത്തന സമയവും
- ഓൺലൈൻ ബുക്കിംഗ്: സേവനങ്ങൾക്കായി
consularserviceinuae.comഎന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപോയിന്റ്മെന്റ് ബുക്ക് ചെയ്യാം. - സ്ലോട്ട് സമയങ്ങൾ: ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ അപോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാകും.
- പ്രവർത്തന സമയം: രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെ.
- കേന്ദ്രത്തിലേക്കുള്ള പ്രവേശനം: ബുക്ക് ചെയ്ത അപോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ.
സർവീസ് ചാർജും നേരിട്ടുള്ള പ്രവേശനം (Walk-in)
ജൂലൈ 1 മുതൽ പരിഷ്കരിച്ച ഗവൺമെന്റ് ഫീസിന് പുറമെ 19 ദിർഹമാണ് അൽഹിന്ദ് സർവീസ് ചാർജായി ഈടാക്കുന്നത്.
അതേസമയം, താഴെ പറയുന്ന വിഭാഗങ്ങൾക്ക് അപോയിന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്തി (Walk-in) സേവനം പ്രയോജനപ്പെടുത്താം:
- തത്കാൽ അപേക്ഷകൾ
- നവജാതശിശുക്കളുടെ അപേക്ഷകൾ
- എമർജൻസി സർട്ടിഫിക്കറ്റുകൾ
- മുതിർന്ന പൗരന്മാർ
സെന്ററുകൾ യുഎഇയിലുടനീളം
പ്രവാസികൾക്ക് എളുപ്പത്തിൽ പ്രാപ്യമാകുന്ന രീതിയിലാണ് 16 കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
- അബുദാബി: 6 സെന്ററുകൾ
- ഷാർജ: 4 സെന്ററുകൾ
- ദുബായ്: 2 സെന്ററുകൾ
- മറ്റ് എമിറേറ്റുകൾ: അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ഓരോ സെന്ററുകൾ വീതം.




Comments