Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ദുബായ്: യുഎഇയിലേക്ക് എൻട്രി പെർമിറ്റിനോ (വിസ) സന്ദർശക വിസയ്‌ക്കോ അപേക്ഷിക്കുന്നവർക്ക് പുതിയ നിബന്ധന. ഇനിമുതൽ അപേക്ഷയോടൊപ്പം പാസ്‌പോർട്ടിന്റെ പുറംചട്ടയുടെ (External Cover Page) പകർപ്പ് കൂടി നിർബന്ധമായും സമർപ്പിക്കണം.

കഴിഞ്ഞ ആഴ്ച മുതലാണ് ഈ നിയമഭേദഗതി നിലവിൽ വന്നതെന്ന് ട്രാവൽ ഏജൻസികളെയും വിസ പ്രൊസസിങ് സെന്ററുകളായ ‘അമേർ’ കേന്ദ്രങ്ങളെയും ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.

പുതിയ നിബന്ധനകൾ ഇങ്ങനെ:

എൻട്രി പെർമിറ്റിനായി അപേക്ഷിക്കുമ്പോൾ ഇനിമുതൽ സമർപ്പിക്കേണ്ട രേഖകളിൽ പാസ്‌പോർട്ട് പുറംചട്ടയുടെ പകർപ്പ് കൂടി ഉൾപ്പെടുത്തി. നിലവിലെ അറിയിപ്പ് അനുസരിച്ച്, താഴെ പറയുന്ന രേഖകൾ ഇനി നിർബന്ധമാണ്:

  1. പാസ്‌പോർട്ട് പകർപ്പ് (വിവരങ്ങളുള്ള പേജ്)
  2. വ്യക്തമായ പാസ്‌പോർട്ട് സൈസ് ഫോട്ടോ
  3. ഹോട്ടൽ ബുക്കിംഗ് കൺഫർമേഷൻ
  4. റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റിന്റെ പകർപ്പ്
  5. പാസ്‌പോർട്ടിന്റെ പുറംചട്ടയുടെ പകർപ്പ്

പുറംചട്ടയുടെ പകർപ്പില്ലാത്ത അപേക്ഷകൾ ഇനി മുതൽ സിസ്റ്റം സ്വീകരിക്കില്ലെന്ന് അമേർ സെന്റർ എക്സിക്യൂട്ടീവുകൾ സ്ഥിരീകരിച്ചു.

മാറ്റം എന്തിനാണ്?

എൻട്രി പെർമിറ്റ് അപേക്ഷകളിൽ പുതിയ നിബന്ധന കൊണ്ടുവന്നതിന്റെ കാരണം സംബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (GDRFA) ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

എന്നാൽ, ഈ മാറ്റം ഉദ്യോഗസ്ഥരെ സഹായിക്കുമെന്നാണ് ട്രാവൽ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ചില പാസ്‌പോർട്ടുകളിൽ പൗരത്വം (Nationality) സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ലാത്ത രീതിയിൽ രേഖപ്പെടുത്തുന്നത് ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കാറുണ്ട്. പാസ്‌പോർട്ടിന്റെ പുറംചട്ട കൂടി സമർപ്പിക്കുന്നതോടെ അപേക്ഷകന്റെ ദേശീയത കൃത്യമായി ഉറപ്പിക്കാനും അതുവഴി ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും അധികൃതർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

സന്ദർശക വിസ, മറ്റ് എൻട്രി പെർമിറ്റുകൾ തുടങ്ങിയ എല്ലാ അപേക്ഷകൾക്കും ഈ നിയമം ബാധകമാണ്. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ അപേക്ഷകർ പുതിയ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ട്രാവൽ ഏജൻസികൾ ആവശ്യപ്പെട്ടു.

In Case You Missed It