ദുബായ്: നഗരത്തിലെ തിരക്കേറിയ സൂപ്പർമാർക്കറ്റ് ശാഖകളിൽ പാർക്കിംഗ് സൗകര്യം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്പിന്നീസ്, വെയിറ്റ്‌റോസ് ഗ്രൂപ്പുകൾ പെയ്ഡ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. ദുബായിലെ പ്രമുഖ പാർക്കിംഗ് സേവന ദാതാക്കളായ ‘പാർക്കിൻ’ (Parkin) കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
തിരക്കേറിയ ആറ് ശാഖകളിലാണ് പ്രാഥമികമായി ഈ മാറ്റം വരുന്നത്. ഇതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഷോപ്പിംഗിന് എത്തുന്ന യഥാർത്ഥ ഉപഭോക്താക്കൾക്ക് പാർക്കിംഗ് സ്ഥലം ഉറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
രണ്ട് മണിക്കൂർ സൗജന്യ പാർക്കിംഗ് പുതിയ നിയമപ്രകാരം ഉപഭോക്താക്കൾക്ക് ആദ്യത്തെ രണ്ട് മണിക്കൂർ പാർക്കിംഗ് പൂർണ്ണമായും സൗജന്യമായിരിക്കും. എന്നാൽ രണ്ട് മണിക്കൂറിന് ശേഷവും വാഹനം പാർക്കിംഗിൽ തുടരുകയാണെങ്കിൽ ഓരോ മണിക്കൂറിനും നിശ്ചിത തുക ഫീസായി നൽകേണ്ടി വരും. പാർക്കിൻ കമ്പനിയുടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാർക്കിംഗ് നിയന്ത്രിക്കുന്നത്. ഓട്ടോമേറ്റഡ് ആക്സസ് കൺട്രോൾ, മൊബൈൽ ആപ്പ് വഴിയുള്ള പണമടയ്ക്കൽ സൗകര്യം എന്നിവയും ഇവിടെ ലഭ്യമാകും.
മാറ്റം ബാധകമാകുന്ന ശാഖകൾ:
സ്പിന്നീസ്: ട്രേഡ് സെന്റർ റോഡ് (കരാമ), മോട്ടോർ സിറ്റി, അൽ മെയ്ദാൻ, ഉമ്മു സുഖീം.
വെയിറ്റ്‌റോസ്: മോട്ടോർ സിറ്റി, അൽ താനിയ.
കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് തിരക്കേറിയ സമയങ്ങളിൽ പാർക്കിംഗ് സ്ഥലം ലഭിക്കാത്ത ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാനാണ് ഈ തീരുമാനമെന്ന് സ്പിന്നീസ് സി.ഇ.ഓ സൂനിൽ കുമാർ അറിയിച്ചു. പാർക്കിൻ കമ്പനിയുടെ സ്മാർട്ട് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതോടെ വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലെ വിവിധ കമ്മ്യൂണിറ്റികളിൽ ഇതിനകം തന്നെ പെയ്ഡ് പാർക്കിംഗ് നടപ്പിലാക്കി വരുന്ന പാർക്കിൻ കമ്പനി, ഫെബ്രുവരി 1 മുതൽ ഇന്റർനാഷണൽ സിറ്റിയിലും പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളുമായും കമ്പനി കരാറിലെത്തിയത്.




Comments