Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

അബുദാബി: അബുദാബി-ദുബായ് റോഡിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞുപോയ നാല് സഹോദരങ്ങൾക്കും പ്രവാസി ലോകം കണ്ണീരോടെ വിടചൊല്ലി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവ് റുക്സാനയ്ക്ക് മക്കളെ അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയഭേദകമായ ദൃശ്യങ്ങൾക്കാണ് അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി സാക്ഷ്യം വഹിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന റുക്സാനയുടെ ആരോഗ്യനില കണക്കിലെടുത്താണ് ആശുപത്രി അധികൃതർ ഈ അപൂർവ സൗകര്യം ഒരുക്കിയത്. തന്റെ കണ്മണികളായ അഷസ് (14), അമ്മാർ (12), അസം (7), അയാഷ് (5) എന്നിവരുടെ മൃതദേഹങ്ങൾ ബെഡിന് സമീപം എത്തിയപ്പോൾ കണ്ടുനിന്നവരുടെയെല്ലാം നിയന്ത്രണം വിട്ടു. പരിക്കേറ്റ് വീൽചെയറിൽ എത്തിയ പിതാവ് അബ്ദുൽ ലത്തീഫിനെ ആശുപത്രി ഡയറക്ടർ ഫൈസലും മറ്റു സ്വദേശി ജീവനക്കാരും ചേർന്ന് ആശ്വസിപ്പിച്ചു.

അടുത്തടുത്ത ഖബറുകളിൽ അവർക്ക് നിത്യനിദ്ര ആശുപത്രിയിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹങ്ങൾ ദുബായ് മുഹൈസിനയിലെ അൽ ശൂഹാദ പള്ളിയിലേക്ക് കൊണ്ടുപോയി. മയ്യിത്ത് നമസ്കാരത്തിൽ നൂറുകണക്കിന് മലയാളികളും മറ്റു പ്രവാസികളും പങ്കെടുത്തു. തുടർന്ന് ഖിസൈസ് ശ്മശാനത്തിൽ അടുത്തടുത്തായി തയ്യാറാക്കിയ ഖബറുകളിൽ നാലുപേരെയും അടക്കം ചെയ്തു. മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളാണ് ഇവർ. അപകടത്തിൽ മരിച്ച വീട്ടുജോലിക്കാരി ബുഷ്റയുടെ മൃതദേഹവും ഖബറടക്കി.

ലിവാ ഫെസ്റ്റിവലിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ഞായറാഴ്ചയായിരുന്നു ഇവരുടെ വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിന് തൊട്ടുമുമ്പ് ഉത്സവപ്പറമ്പിൽ വെച്ച് കുടുംബം എടുത്ത ഫോട്ടോ ഇപ്പോൾ നോവായി മാറുകയാണ്. അപകടത്തിൽ പരിക്കേറ്റ ലത്തീഫും മകൾ ഇസ്സയും ആശുപത്രി വിട്ടെങ്കിലും റുക്സാന ചികിത്സയിൽ തുടരുകയാണ്. ആശുപത്രിയിൽ നിന്ന് ദുബായിലേക്ക് പോകാൻ ബന്ധുക്കൾക്കായി പ്രത്യേക ബസ് സൗകര്യവും മെഡിക്കൽ സിറ്റി അധികൃതർ ഒരുക്കിയിരുന്നു.

In Case You Missed It