അബുദാബി: ലോകത്തിന്റെ നെറുകയിൽ യുഎഇയുടെ പതാക പാറിച്ച് പതിനെട്ടുകാരിയായ ഫാത്തിമ അബ്ദുൽറഹ്മാൻ അൽ അവദി ചരിത്രം കുറിച്ചു. അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് വിൻസൺ (Mount Vinson) കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പർവതാരോഹകയും ആദ്യത്തെ അറബ് വനിതയുമായാണ് ഫാത്തിമ . 2026 ജനുവരി 6 ചൊവ്വാഴ്ചയായിരുന്നു ഈ അഭിമാന നേട്ടം.
സമുദ്രനിരപ്പിൽ നിന്ന് 4,892 മീറ്റർ ഉയരമുള്ള മൗണ്ട് വിൻസൺ കീഴടക്കിയതോടെ, ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കുക എന്ന ‘സെവൻ സമ്മിറ്റ്‌സ്’ (Seven Summits) ലക്ഷ്യത്തിലേക്കുള്ള മൂന്നാമത്തെ വലിയ ചുവടുവെപ്പാണ് ഫാത്തിമ പൂർത്തിയാക്കിയത്.
മൈനസ് 40 ഡിഗ്രി സെൽഷ്യസിലും താഴെ പോകുന്ന അതികഠിനമായ തണുപ്പും, ശക്തമായ കാറ്റും നിറഞ്ഞ ലോകത്തിലെ ഏറ്റവും ദുർഘടമായ സാഹചര്യങ്ങളിലൂടെയായിരുന്നു ഫാത്തിമയുടെ പര്യവേഷണം. ശാരീരികവും മാനസികവുമായ കരുത്ത് പരീക്ഷിക്കപ്പെട്ട ഈ യാത്ര മൂന്നാഴ്ചയോളം നീണ്ടുനിന്നു.
“മൗണ്ട് വിൻസൺ എനിക്ക് വലിയൊരു പാഠമായിരുന്നു. കൊടും തണുപ്പും ഏകാന്തതയും നിറഞ്ഞ ആ പർവതം ആദ്യം എന്നെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ മുകളിൽ എത്തി താഴേക്ക് നോക്കിയപ്പോൾ, ആ കൊടുമുടി എന്നെ തളർത്തുകയല്ല, മറിച്ച് കൂടുതൽ കരുത്തുള്ളവളാക്കുകയാണ് ചെയ്തതെന്ന് ഞാൻ തിരിച്ചറിഞ്ഞു,” ഫാത്തിമ തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞു.
സമർപ്പണം
തന്റെ ഈ വലിയ നേട്ടം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ‘രാഷ്ട്രമാതാവ്’ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിനുമാണ് ഫാത്തിമ സമർപ്പിച്ചത്. എമിറാത്തി യുവത്വത്തിനും സ്ത്രീകൾക്കും രാജ്യം നൽകുന്ന വലിയ പിന്തുണയ്ക്കുള്ള നന്ദിയാണിതെന്ന് താരം കൂട്ടിച്ചേർത്തു.

ലക്ഷ്യം ‘എക്സ്‌പ്ലോറേഴ്സ് ഗ്രാൻഡ് സ്ലാം’
നിലവിൽ ഇക്കണോമിക്സ് വിദ്യാർത്ഥിനിയായ ഫാത്തിമ, പഠനത്തോടൊപ്പം തന്നെ പർവതാരോഹണത്തെയും കൊണ്ടുപോകുന്നു. 2025 ജൂലൈയിൽ യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) കീഴടക്കിയും ഫാത്തിമ ശ്രദ്ധ നേടിയിരുന്നു. ഏഴ് കൊടുമുടികളും ഉത്തര-ദക്ഷിണ ധ്രുവങ്ങളും കീഴടക്കുന്ന ‘എക്സ്‌പ്ലോറേഴ്സ് ഗ്രാൻഡ് സ്ലാം’ (Explorer’s Grand Slam) പൂർത്തിയാക്കുകയാണ് ഈ യുവതിയുടെ അടുത്ത ലക്ഷ്യം.
പാം സ്‌പോർട്‌സ് (Palms Sports), ദാർ അൽ തകാഫുൾ ഫിനാൻസ് എന്നീ സ്ഥാപനങ്ങളാണ് ഫാത്തിമയുടെ ഈ ചരിത്രയാത്രയ്ക്ക് സ്പോൺസർഷിപ്പ് നൽകിയത്.




Comments