ദുബായ്: ദുബായിലെ അർജാനിൽ ഗർഭിണിയായ ഇന്ത്യൻ യുവതിയെ കാറിടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയി. 34 ആഴ്ച ഗർഭിണിയായ മാധ്യമപ്രവർത്തകയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ച (ജനുവരി 7) രാത്രി 11.30-ഓടെയായിരുന്നു സംഭവം. അപകടത്തിൽ യുവതിക്ക്അതി ഗുരുതരമായപരിക്കുകൾ ഉണ്ടായെങ്കിലും ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി.
അർജാനിലെ സെൻട്രൽ പാർക്കിന് സമീപം ഭർത്താവിനൊപ്പം രാത്രി നടത്തത്തിന് ഇറങ്ങിയതായിരുന്നു യുവതി. ഈ സമയം വൺവേ റോഡിലൂടെ തെറ്റായ ദിശയിൽ വന്ന കാർ പെട്ടെന്ന് റിവേഴ്സ് എടുക്കുകയും ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. യുവതിയെ ഇടിച്ച ശേഷം കാർ നിർത്താതെ ഓടിച്ചുപോയി.
സംഭവത്തെക്കുറിച്ച് ഭർത്താവ് ഖലീജ് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്: “കാർ റിവേഴ്സ് എടുത്തപ്പോൾ എന്റെ ഇടത് വശത്താണ് ഇടിച്ചത്, എന്നാൽ ആഘാതത്തിന്റെ ഭൂരിഭാഗവും ഏറ്റത് ഭാര്യയ്ക്കാണ്. അവൾ വായുവിലേക്ക് പല മീറ്ററുകൾ തെറിച്ചു വീഴുന്നത് ഞാൻ കണ്ടു. അവളും എന്റെ ജനിക്കാത്ത കുഞ്ഞും മരിച്ചുവെന്നാണ് ഞാൻ കരുതിയത്.”
“റോഡിൽ ഞാൻ രക്തം തുപ്പുകയായിരുന്നു. താടിയെല്ലിന് സാരമായ പരിക്കേറ്റതിനാൽ എനിക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല,” ആശുപത്രി കിടക്കയിൽ നിന്നും യുവതി സന്ദേശത്തിലൂടെ ഖലീജ് ടൈംസിനോട് പറഞ്ഞു. “എന്റെ ഉള്ളിൽ ഒരു ജീവനുള്ളപ്പോൾ ഞാൻ അതീവ നിസ്സഹായയാണെന്ന് എനിക്ക് തോന്നുന്നു, എന്നിട്ടും ഒരാൾ എന്നോട് ഇത് ചെയ്തല്ലോ,” ആസ്ത പറഞ്ഞു. കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
പരിക്കുകൾ ഗുരുതരം:
യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം യുവതിക്ക് തലയോട്ടിയുടെ വലതുഭാഗത്ത് ആഘാതമുണ്ട്, കരളിന്റെയും പ്ലീഹയുടെയും (Spleen) ഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു. ഇടുപ്പിന് സാരമായ പരിക്ക്, ഇടത് കൈമുട്ടിന് ഒടിവ്, ഇടത് തോളെല്ല് സ്ഥാനം തെറ്റി. താടിയെല്ലിനും പല്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു.
അത്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞ്:
ഭാര്യ അന്തരീക്ഷത്തിലേക്ക് തെറിച്ചു വീഴുന്നത് കണ്ട് അവൾ മരിച്ചുവെന്നാണ് താൻ കരുതിയതെന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ, ഉടൻ തന്നെ സ്ഥലത്തെത്തിയ ദുബായ് പൊലീസും ആംബുലൻസ് സംഘവും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി. അമ്മ ഗുരുതരാവസ്ഥയിലാണെങ്കിലും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടത് വലിയ ആശ്വാസമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിക്കായി തിരച്ചിൽ ഊർജിതം:
സംഭവത്തിൽ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇടിച്ച കാറിനായുള്ള തിരച്ചിൽ തുടരുകയാണ്. യുഎഇ നിയമപ്രകാരം അപകടം നടന്ന സ്ഥലത്തുനിന്ന് നിർത്താതെ പോകുന്നത് കഠിനമായ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.




Comments