ഓസ്‌ലോ: വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ പരിവർത്തനത്തിനു വേണ്ടിയുള്ള പോരാട്ടത്തിനും നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം.
നോർവീജിയൻ നൊബേൽ കമ്മിറ്റി ഓസ്‌ലോയിൽ നടത്തിയ പ്രഖ്യാപനത്തിൽ, ജനാധിപത്യത്തിന്റെ വെളിച്ചം അണയാതെ സൂക്ഷിക്കുന്ന ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ പോരാളിയാണ് മചാഡോ എന്ന് വിശേഷിപ്പിച്ചു. സ്വന്തം രാജ്യത്ത് രാഷ്ട്രീയ പീഡനങ്ങളും വിലക്കുകളും നേരിട്ട് ഒളിവിൽ കഴിയുമ്പോഴാണ് നെൽസൺ മണ്ടേലയെയും ആങ് സാൻ സൂചിയെയും പോലുള്ള ലോകനേതാക്കളുടെ നിരയിലേക്ക് മചാഡോ ഉയർത്തപ്പെടുന്നത്.
പ്രതിരോധത്തിന്റെ പ്രതീകം
ജനാധിപത്യം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ, ലാറ്റിനമേരിക്കയിലെ പൗരധൈര്യത്തിന്റെ അസാധാരണ ഉദാഹരണമാണ് മരിയ കൊറീന മചാഡോ എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി വെനസ്വേലയിലെ ഏകാധിപത്യ ഭരണത്തിനെതിരെ അവർ സമാധാനപരമായ ചെറുത്തുനിൽപ്പ് തുടരുകയാണ്.
സുമതേ എന്ന ജനാധിപത്യ വികസന സംഘടനയുടെ സ്ഥാപകയായ മചാഡോ, “വെടിയുണ്ടകൾക്ക് പകരം ബാലറ്റ്” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് 20 വർഷത്തിലേറെയായി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾക്കായി നിലകൊള്ളുന്നു.
2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഭരണകൂടം മചാഡോയെ തടഞ്ഞപ്പോൾ, അവർ മറ്റൊരു സ്ഥാനാർത്ഥിയെ പിന്തുണച്ച് രംഗത്തുവന്നു. ലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകരെ അണിനിരത്തി പോളിംഗ് ബൂത്തുകൾ നിരീക്ഷിക്കാനും വോട്ടുകൾ കൃത്യമായി രേഖപ്പെടുത്താനും അവർ നേതൃത്വം നൽകി. വോട്ടെണ്ണലിൽ പ്രതിപക്ഷം വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും ഭരണകൂടം ഫലം അംഗീകരിക്കാൻ തയ്യാറായില്ല.
“ജനാധിപത്യമാണ് ശാശ്വതമായ സമാധാനത്തിന്റെ അടിസ്ഥാനം. നിയമവാഴ്ച ദുരുപയോഗം ചെയ്യപ്പെടുകയും മാധ്യമങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് മചാഡോയുടെ പോരാട്ടം വളരെ പ്രധാനപ്പെട്ടതാണ്,” കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.




Comments