Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ഷാർജ: വായനയുടെ ലോകസംഗമവേദിയായ 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (Sharjah International Book Fair – SIBF) നവംബർ 5-ന് തിരിതെളിയും. ‘നിങ്ങൾക്കും പുസ്തകത്തിനുമിടയിൽ’ എന്ന പ്രമേയത്തിൽ നവംബർ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് മേള നടക്കുക. 118 രാജ്യങ്ങളിൽനിന്നുള്ള 2,350-ൽ അധികം പ്രസാധകരും പ്രദർശകരുമാണ് ഈ പുസ്തക മാമാങ്കത്തിൽ അണിനിരക്കുന്നത്.

ഷാർജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് ഷാർജ ബുക്ക് അതോറിറ്റി (SBA) മേള സംഘടിപ്പിക്കുന്നത്. പുതുതലമുറയ്ക്ക് വായനയും പുസ്തകങ്ങളും ശീലങ്ങളുടെ ഭാ​ഗമാക്കുന്നതിൽ പുസ്ത്കമേള വലിയ പങ്ക് വഹിക്കുന്നുവെന്ന് എസ്.ബി.എ. സി.ഇ.ഒ. അഹമദ് റക്കാദ് അൽ അംറി പറഞ്ഞു

ഗ്രീസ് അതിഥി രാജ്യം; 1,200-ൽ അധികം പരിപാടികൾ

ഈ വർഷത്തെ മേളയുടെ അതിഥി രാജ്യം ഗ്രീസ് ആണ്. ഗ്രീസിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പരിചയപ്പെടുത്താൻ 70-ൽ അധികം ഗ്രീക്ക് എഴുത്തുകാരും കലാകാരന്മാരും മേളയുടെ ഭാഗമാകും. ഗ്രീക്കിൽ നിന്ന് അറുനൂറോളം പുസ്തകങ്ങളാണ് വായനക്കാർക്കായി എത്തുന്നത്.

മേളയുടെ 12 ദിവസങ്ങളിലായി 66 രാജ്യങ്ങളിൽ നിന്നുള്ള 250-ൽ അധികം അതിഥികളുമായി 1,200-ൽ അധികം പരിപാടികൾ അരങ്ങേറും. ഇതിൽ 300-ൽ അധികം സാംസ്കാരിക പരിപാടികളും, കുട്ടികൾക്കും മുതിർന്നവർക്കുമായി അറബിയിലും ഇംഗ്ലീഷിലുമായി 750 വർക്ക്‌ഷോപ്പുകളും സെമിനാറുകളും ഉൾപ്പെടുന്നു.

പ്രമുഖ ഇന്ത്യൻ എഴുത്തുകാർ

ഇന്ത്യയിൽ നിന്ന് പ്രശസ്ത മലയാള കവി കെ. സച്ചിദാനന്ദൻ, എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ, ജനപ്രിയ ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ പ്രാജക്ത കോലി എന്നിവർ മേളയിൽ പങ്കെടുക്കും. ഇവരെ കൂടാതെ കൂടുതൽ ഇന്ത്യൻ എഴുത്തുകാരും സാഹിത്യ ലോകത്തുനിന്നുള്ളവരും മേളയുടെ ഭാഗമാകും.നൈജീരിയൻ നോവലിസ്റ്റ് ചിമാമണ്ട എൻഗോസി അഡിച്ചി, ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. കാർലോ റോവെല്ലി, ബുക്കർ പ്രൈസ് ജേതാവ് പോൾ ലിഞ്ച് തുടങ്ങിയ ലോകോത്തര എഴുത്തുകാരും അറബ് ലോകത്തെ പ്രമുഖരായ സാഹിത്യകാരന്മാരും ചിന്തകരും മേളയിലെ പ്രധാന അതിഥികളാണ്.

പ്രസാധക സമ്മേളനം നവംബർ 2 മുതൽ

പുസ്തകമേളയ്ക്ക് മുന്നോടിയായി, 15-ാമത് ഷാർജ പബ്ലിഷേഴ്‌സ് കോൺഫറൻസ് നവംബർ 2 മുതൽ 4 വരെ നടക്കും. പ്രസാധക സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സാഹിത്യ ഏജന്റുമാർ, വ്യവസായ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ, പ്രസാധന മേഖല നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്ന 30 വർക്ക്‌ഷോപ്പുകളും വട്ടമേശ ചർച്ചകളും നടക്കും. പുതിയ വ്യാപാരക്കരാറുകൾക്കായി ‘ഒറ്റയ്ക്കൊറ്റയ്ക്കുള്ള’ (one-on-one) ബിസിനസ് മീറ്റിംഗുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും.

സന്ദർശകർക്കായി പ്രത്യേക യാത്രാ സൗകര്യങ്ങൾ

മേളയിലേക്ക് സന്ദർശകർക്ക് എളുപ്പത്തിൽ എത്താൻ വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദുബായിൽ നിന്ന് ഷാർജ അക്വേറിയം സ്റ്റേഷനിലേക്ക് കടൽമാർഗ്ഗമുള്ള ഗതാഗത സൗകര്യം ലഭ്യമാകും. അൽ ഖസ്ബയിലും ഷാർജ അക്വേറിയത്തിലും പ്രത്യേക പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് എക്‌സ്‌പോ സെന്ററിലേക്ക് ഷട്ടിൽ ബസ് സർവീസുകളും ലഭ്യമാക്കും. എക്‌സ്‌പോ സെന്ററിലെ മൾട്ടി-സ്റ്റോറി പാർക്കിംഗ് കേന്ദ്രത്തിലും അധിക പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

In Case You Missed It