Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

അബുദാബി: യുഎഇയിൽ വരാനിരിക്കുന്ന വാരാന്ത്യത്തിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഈ മാസം 15 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കും പടിഞ്ഞാറൻ മേഖലകളിൽ താപനില ഗണ്യമായി കുറയാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തീരദേശ മേഖലകളിലും വടക്കൻ പ്രവിശ്യകളിലും ഇടയ്ക്കിടെ കൂടുതൽ മേഘങ്ങൾ രൂപപ്പെടാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഉൾനാടൻ മേഖലകളിൽ തണുപ്പ് ശക്തമാകും. അൽ ഐനിലെ രക്ന ഉൾപ്പെടെയുള്ള ഇടങ്ങളിൽ താപനില 7 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. പ്രധാന നഗരങ്ങളായ അബുദാബിയിൽ 16 – 27 ഡിഗ്രി, ദുബായിൽ 17 – 27 ഡിഗ്രി, ഷാർജയിൽ 15 – 26 ഡിഗ്രി എന്നിങ്ങനെയായിരിക്കും താപനില.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിൽ പൊടിയും മണലും ഉയരുന്നതിനാൽ കാഴ്ചാപരിധി കുറഞ്ഞേക്കാം. മരുഭൂമിയിലൂടെയും മറ്റും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ തിരമാലകൾ ശക്തമായേക്കാം. മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും ജാഗ്രത പാലിക്കണം.

വരുംദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാർ കൃത്യമായ ഇടവേളകളിൽ ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

In Case You Missed It