അബുദബി: യുഎഇയില്‍ എത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനിരിക്കെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. അബുദബിയില്‍ നിന്ന് ദുബായ് വഴി ഫുജൈറയിലേക്കാണ് ആദ്യ യാത്ര. അബുദബിയില്‍ നിന്ന് 50 മിനിറ്റ് കൊണ്ട് ദുബൈയിലും ഒന്നര മണിക്കൂര്‍ കൊണ്ട് ഫുജൈറയിലും എത്താം. അബുദബിയില്‍ നിന്ന് ദുബൈയിലേക്ക് പലപ്പോഴും ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെ റോഡ് വഴിയുള്ള യാത്രയ്ക്ക് സമയമെടുക്കാറുണ്ട്. മരുഭൂമിയും മലകളും തുടങ്ങി വിശാലമായ ഭൂപ്രകൃതി ആസ്വദിച്ച് എത്തിഹാദില്‍ യാത്ര ചെയ്യാം.
ചാര്‍ജ്ജിങ് പോയിന്റുകള്‍, വൈഫൈ സൗകര്യം, ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, പ്രാര്‍ഥന മുറികള്‍ എന്നിവ ട്രെയിനില്‍ ലഭ്യമാക്കിയിട്ടുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് വേഗത. ഒരു ട്രെയിനില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാം. ഫസ്റ്റ്, ബിസിനസ്, ഇക്കോണമി എന്നിങ്ങനെ ക്ലാസുകളായി തരം തിരിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാകും.
ആദ്യ ഘട്ടത്തില്‍ മൂന്ന് സ്റ്റേഷനുകളാണ് ഉണ്ടാവുക: അബുദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ദുബൈ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്, ഫുജൈറ സകംകം എന്നീ സ്റ്റേഷനുകളാണ് സജ്ജമായിട്ടുള്ളത്. മുസഫയില്‍ ഡല്‍മ മാളിന് എതിര്‍വശത്താണ് അബുദബിയിലെ സ്റ്റേഷന്‍. യാത്രക്കാരുടെ എണ്ണവും ആവശ്യവും കൂടുന്നതിന് അനുസരിച്ച് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കും. വര്‍ഷത്തില്‍ ഒരു കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. 2023 ല്‍ എത്തിഹാദ് ചരക്ക് ഗതാഗതം സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടങ്ങളിൽ രാജ്യത്തെ എല്ലാ എമിറേറ്റുകളുമായും പാസഞ്ചര്‍ ട്രെയിന്‍ ബന്ധിപ്പിക്കും.




Comments