Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ദുബായ്: യുഎഇയുടെ ദേശീയ ചിഹ്നങ്ങളോ പൊതു വ്യക്തികളോ ഉൾപ്പെടുന്ന ചിത്രങ്ങൾ അനുമതിയില്ലാതെ നിർമിക്കാൻ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് രാജ്യത്ത് നിയമം മൂലം നിരോധിച്ചതായി യുഎഇ മീഡിയ കൗൺസിൽ ആവർത്തിച്ച് വ്യക്തമാക്കി.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുക, മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുക, അവരുടെ അന്തസ്സിനും സൽപ്പേരിനും ദോഷം വരുത്തുക, സമൂഹത്തിന്റെ മൂല്യങ്ങളെയും തത്വങ്ങളെയും ഹനിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് മീഡിയാ ലംഘനമായി കണക്കാക്കുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി. ഇത്തരം ലംഘനങ്ങൾ ചെയ്യുന്നവർക്ക് പിഴയും ഭരണപരമായ പിഴകളും ഉൾപ്പെടെയുള്ള ശിക്ഷകൾ മീഡിയാ ലംഘന നിയമപ്രകാരം ലഭിക്കും.

എല്ലാ സോഷ്യൽ മീഡിയ ഉപയോക്താക്കളും, മാധ്യമ സ്ഥാപനങ്ങളും, ഉള്ളടക്കം നിർമിക്കുന്നവരും അംഗീകൃത നിയമങ്ങളും മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കണമെന്നും, പ്രൊഫഷണൽ ധാർമിക ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

നടപടി കടുപ്പിക്കാൻ കാരണം

രാജ്യത്തിന്റെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ (Sheikh Zayed Al Nahyan) ഒരു ഉപയോക്താവ് തന്നോടൊപ്പം എഐ വഴി സൃഷ്ടിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് അടുത്തിടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സ്ഥാപക പിതാവിനെ ഇത്തരത്തിൽ ചിത്രീകരിച്ചത് ‘അനാവശ്യവും അരുചികരവുമാണെന്ന്’ ചൂണ്ടിക്കാട്ടി മറ്റ് ഉപയോക്താക്കൾ പോസ്റ്റിനെ വിമർശിച്ചിരുന്നു.

തെറ്റായ വിവരങ്ങളുടെയും ഓൺലൈൻ അതിക്രമങ്ങളുടെയും പ്രചരണം തടയുന്നതിനും, രാജ്യത്തിന്റെ സഹിഷ്ണുതാ നയത്തിന് അനുസൃതമായി സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും കർശനമായ മാധ്യമ നിയമങ്ങൾ പാലിക്കുന്നുണ്ട്.

മീഡിയാ റെഗുലേഷൻ സംബന്ധിച്ച ഫെഡറൽ ഡിക്രിയിലെ ആർട്ടിക്കിൾ 1(17) അനുസരിച്ച്, എല്ലാത്തരം മാധ്യമങ്ങളും സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ, സാംസ്കാരിക പൈതൃകം, ദേശീയ സ്വത്വം എന്നിവയെ ബഹുമാനിക്കണമെന്ന് നിഷ്കർഷിക്കുന്നു. കൂടാതെ, 2024 ജൂണിൽ പുറത്തിറക്കിയ ‘ഉത്തരവാദിത്തത്തോടെയുള്ളതും ധാർമികവുമായ എഐ ഉപയോഗത്തിനായുള്ള യുഎഇ ചാർട്ടറും’ എഐ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.

മാധ്യമ നിയന്ത്രണത്തിന് എഐ പ്ലാറ്റ്‌ഫോം‌

മാധ്യമ ഉള്ളടക്കം വിശകലനം ചെയ്യുന്നതിനായി എഐ കഴിവുകൾ ഉപയോഗിക്കുന്ന ഒരു പുതിയ റെഗുലേറ്ററി പ്ലാറ്റ്‌ഫോമിന് വേണ്ടി ഈ വർഷം മെയ് മാസത്തിൽ യുഎഇ മീഡിയ കൗൺസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ പ്രസൈറ്റും (Presight) കരാർ ഒപ്പിട്ടിരുന്നു.

ഈ ആപ്ലിക്കേഷൻ മാധ്യമ ഉള്ളടക്കങ്ങൾ അരിച്ചെടുത്ത്, അത് യുഎഇയുടെ നിയമങ്ങൾ, മൂല്യങ്ങൾ, മാനദണ്ഡങ്ങൾ എന്നിവയുമായി യോജിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും. വിവിധ ഏജൻസികളിൽ നിന്നുള്ള ഡാറ്റാസെറ്റുകൾ ഏകീകരിച്ച്, കാര്യക്ഷമമായും ധാർമികമായും തീരുമാനങ്ങൾ എടുക്കുന്നതിന് ആവശ്യമായ കേന്ദ്രീകൃതവും എഐ പിന്തുണയുള്ളതുമായ കഴിവുകൾ ഈ പ്ലാറ്റ്‌ഫോം നൽകുമെന്നും മീഡിയ കൗൺസിൽ അറിയിച്ചു.

In Case You Missed It