ഷാർജ: മൂന്ന് മണിക്കൂർ തുടർച്ചയായി ഇളക്കിച്ചേർക്കുന്ന അധ്വാനം, ഒപ്പം ധാരാളം നെയ്യും കുങ്കുമപ്പൂവും ഏലക്കായും പനിനീരും ചേർന്ന സുഗന്ധവും. തലമുറകളിലൂടെ കൈമാറി വന്ന ഈ പരമ്പരാഗത പാചകവിധിയുമായി 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (SIBF 2026) മധുരം പകരുകയാണ് ഒമാൻ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ വിശിഷ്ടാതിഥിയായ ഒമാൻ, തങ്ങളുടെ ആതിഥ്യമര്യാദയുടെയും ആഘോഷങ്ങളുടെയും അവിഭാജ്യ ഘടകമായ പരമ്പരാഗത ഹൽവ നിർമ്മാണ കല സന്ദർശകർക്കായി പരിചയപ്പെടുത്തുന്നു.
ഈ വർഷത്തെ മേളയിലെ വിശിഷ്ടാതിഥിയായ (Guest of Honour) ഒമാൻ, തങ്ങളുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം സന്ദർശകർക്ക് അടുത്തറിയുന്നതിനായി തത്സമയ ഹൽവ നിർമ്മാണ പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 200 വർഷത്തിലേറെ പാരമ്പര്യമുള്ള ‘റാഷിദ് സഈദ് അൽ അംറി’ ഫാക്ടറിയിലെ തലമുറകളായി ഈ രംഗത്തുള്ള കലാകാരൻ മുഹമ്മദ് അൽ അംറിയാണ് മേളയിൽ ഹൽവ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
ബ്രൗൺ ഷുഗർ ഉപയോഗിച്ച് തയ്യാറാക്കുന്ന ‘ബ്ലാക്ക് ഒമാനി ഹൽവ’ ആണ് അൽ അംറി ഇവിടെ തയ്യാറാക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം അതീവ ശ്രദ്ധയോടെ ചെയ്യേണ്ട പ്രക്രിയയാണിത്. വെള്ളം, സ്റ്റാർച്ച്, ബ്രൗൺ ഷുഗർ എന്നിവ ചേർത്ത് ചെറുതീയിൽ രണ്ടര മണിക്കൂറോളം തുടർച്ചയായി ഇളക്കി കുറുക്കിയെടുക്കുന്നതോടെയാണ് നിർമ്മാണം ആരംഭിക്കുന്നത്. ചേരുവകൾ പാത്രത്തിൽ അടിപിടിക്കാതിരിക്കാൻ ‘ബുസ്താൻ’ (Bustan) എന്നറിയപ്പെടുന്ന തടികൊണ്ടുള്ള വലിയ തവി ഉപയോഗിച്ചാണ് ഇത് ഇളക്കുന്നത്.
തുടർന്ന് ഏകദേശം 20 മിനിറ്റോളം സാവധാനം നെയ്യ് ചേർത്തുകൊടുക്കുന്നു. ഇതിന് പിന്നാലെ കുങ്കുമപ്പൂവ്, ഏലക്കായ, പനിനീർ എന്നിവ ചേർക്കും. ഏറ്റവും ഒടുവിലായി കശുവണ്ടി, വാൽനട്ട്, എള്ള് എന്നിവ വിതറിയ ശേഷം ഹൽവ വിളമ്പാനുള്ള പാത്രങ്ങളിലേക്ക് മാറ്റുന്നു. ഓരോ ചേരുവയും എപ്പോൾ ചേർക്കണമെന്നും ശരിയായ പാകം എപ്പോഴാണെന്നും തിരിച്ചറിയാൻ വർഷങ്ങളുടെ പ്രവൃത്തിപരിചയം ആവശ്യമാണ്.
1950-കളിൽ ഈ രംഗത്തുണ്ടായിരുന്ന മുത്തച്ഛനിൽ നിന്നും, പിന്നീട് 1980-കളുടെ അവസാനത്തിൽ പിതാവിലേക്കും, അവിടെ നിന്ന് തന്നിലേക്കും കൈമാറി വന്ന കുടുംബ പാരമ്പര്യമാണ് മുഹമ്മദ് അൽ അംറി പിന്തുടരുന്നത്. ഹൽവ ചൂടോടെ കഴിക്കാമെങ്കിലും, തണുക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ രുചിയും ചേരുവകളുടെ ഗുണവും പൂർണ്ണമായി അനുഭവപ്പെടുകയെന്ന് അദ്ദേഹം പറയുന്നു. പരമ്പരാഗത വിറകടുപ്പുകൾക്ക് പകരം ഇന്ന് ഗ്യാസ് അടുപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിലും, നിർമ്മാണത്തിന്റെ പൂർണ്ണത ഹൽവ നിർമ്മാതാവിന്റെ അനുഭവസമ്പത്തിനെയും കൃത്യമായ നിരീക്ഷണത്തെയും ആശ്രയിച്ചാണിരിക്കുന്നത്.
വെള്ള, മഞ്ഞ, കറുപ്പ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഒമാനി ഹൽവകൾ നിലവിലുണ്ട്. നിസ്വ, ബർക്ക, നഖൽ, അൽ ഹംറ, സോഹാർ തുടങ്ങിയ പ്രദേശങ്ങളിൽ ഹൽവ നിർമ്മാണത്തിൽ പ്രാദേശികമായ വ്യത്യാസങ്ങളും കാണാം. കാലത്തിനനുസരിച്ച് ഈന്തപ്പഴം, തേൻ, കുന്തിരിക്കം (Frankincense), ഒട്ടകപ്പാൽ എന്നിവ ചേർത്തുള്ള ആധുനിക രുചിക്കൂട്ടുകളും ഇന്ന് ലഭ്യമാണ്.
പരമ്പരാഗത ഒമാനി കാപ്പിക്കൊപ്പമാണ് (ഖഹ്വ) ഹൽവ സാധാരണയായി വിളമ്പുന്നത്. വിവാഹങ്ങൾ, മതപരമായ ആഘോഷങ്ങൾ, കുടുംബസംഗമങ്ങൾ എന്നിവയിലെല്ലാം ഒഴിച്ചുകൂടാനാവാത്ത വിഭവമാണിത്. തലമുറകളായി ഒമാനി വീടുകളിൽ അതിഥികളെ സ്വീകരിക്കാൻ ഉപയോഗിക്കുന്ന ഈ മധുരത്തിന്റെ നിർമ്മാണ വൈദഗ്ധ്യം നേരിട്ട് കാണാനും രുചിക്കാനുമുള്ള അവസരമാണ് SIBF 2026 സന്ദർശകർക്ക് നൽകുന്നത്




Comments