ഷാർജ: എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്ന് പുതിയ പുസ്തകങ്ങൾ വാങ്ങി എമിറേറ്റിലെ പൊതു, സർക്കാർ ഗ്രന്ഥശാലകളെ സമ്പന്നമാക്കുന്നതിനായി 11 കോടിയിലേറെ രൂപ (45 ലക്ഷം ദിർഹം) അനുവദിക്കാൻ യുഎഇ പരമോന്നത കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 45-മത് ഷാർജ രാജ്യാന്തര പുസ്തകമേളയിലാണ് (എസ് ഐ ബി എഫ് 2026) ഈ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തുന്നത്. 126 രാജ്യങ്ങളിൽ നിന്നുള്ള 3,212 പ്രസാധകരും എക്സിബിറ്റർമാരുമാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. സയൻസ്, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ 17 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
പ്രസാധന മേഖലയ്ക്കും അതിന്റെ ദീർഘകാല വളർച്ചയ്ക്കും ഷാർജ ഭരണാധികാരി നൽകുന്ന നിരന്തരമായ പിന്തുണയുടെ ഭാഗമായാണ് ഈ നടപടി. വായനക്കാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പുതിയ അറിവുകൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഗ്രന്ഥശാലകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും ഈ ഗ്രാൻഡ് സഹായിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ബൊദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി വ്യക്തമാക്കി.
‘കഥകളാ മെനഞ്ഞത്’ (Made of Stories) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരും കലാകാരന്മാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, 1,500-ലധികം സാംസ്കാരിക, കലാ പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒമാനാണ് ഇത്തവണത്തെ അതിഥി രാജ്യം.




Comments