Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ദുബായ്: ബഹിരാകാശ രം​ഗത്ത് വൻ മുന്നേറ്റത്തിന് തുടക്കമിട്ട് യുഎഇ തദ്ദേശീയമായി വികസിപ്പിച്ച ഉപ​ഗ്രങ്ങളായ എംബിസി സാറ്റും എത്തിഹാദ് സാറ്റും ബഹിരാകാശത്ത് നിന്ന് പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് മുഹമ്മ​ദ് ബിൻ റാഷിദ് സ്പേസ് സെന്റർ. അബുദാബിയിലെ ഖസ്ർ അൽ വതൻ, എക്സ്പോ സിറ്റി ദുബായ് തുടങ്ങിയവയുടെ മനോഹരമായ ദൃശ്യങ്ങളാണ് ഉപ​​ഗ്രഹങ്ങൾ പകർത്തിയത്. ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാ​ഗമായാണ് എംബിആർഎസ് സി പ്രഖ്യാപനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനം മുതൽ ഭക്ഷ്യസുരക്ഷ വരെയുള്ള ആഗോള വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ബഹാരാകാശ മേഖലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെട്ടുവെന്നും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേര് നൽകിയിരിക്കുന്ന MBZ-SAT ഈ വർഷം ജനുവരിയിലാണ് വിക്ഷേപിച്ചത്. ഈ വർഷം മാർച്ചിലായിരുന്നു എത്തിഹാദ് സാറ്റിന്റെ വിക്ഷേപണം. MBZ-SAT, Etihad-SAT എന്നീ ഉപഗ്രഹങ്ങൾ പരസ്പരം പൂരകമായ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. MBZ-SAT ഒപ്റ്റിക്കൽ ഇമേജിംഗ് വഴിയും, Etihad-SAT റഡാർ സാങ്കേതികവിദ്യ (SAR) വഴിയും, ഏത് കാലാവസ്ഥയിലും വെളിച്ചത്തിലും ഉന്നത നിലവാരമുള്ള ഡാറ്റ ഉറപ്പാക്കുന്നു. സിവിൽ, അടിസ്ഥാന സൗകര്യ വികസനം, സമുദ്ര നിരീക്ഷണം, പാരിസ്ഥിതിക പഠനം, ദുരന്തനിവാരണം, കൃഷി തുടങ്ങിയ സുപ്രധാന മേഖലകളിൽ ഉപ​ഗ്രഹത്തിന് കൃത്യമായ വിവരങ്ങൾ നൽകാൻ കഴിയും

മേഖലയിലെ അതിനൂതന ഉപ​ഗ്രഹമാണ് MBZ-SAT. 750 കിലോഗ്രാം ഭാരമുള്ള ഈ ഒപ്റ്റിക്കൽ ഇമേജിംഗ് ഉപഗ്രഹം, മുൻ പതിപ്പുകളേക്കാൾ ഇരട്ടി കൃത്യതയിൽ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള മേഖലയിലെ ഏറ്റവും ഉയർന്ന റെസല്യൂഷൻ ക്യാമറ ഉപയോഗിക്കുന്നു. ചിത്രങ്ങളും വിവരങ്ങളും രണ്ട് മണിക്കൂറിനുള്ളിൽ അയക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

MBRSC വികസിപ്പിച്ച ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) ഉപഗ്രഹമാണ് എത്തിഹാദ് സാറ്റ്. സാധാരണ ഒപ്റ്റിക്കൽ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, SAR ഉപഗ്രഹങ്ങൾ റഡാർ സിഗ്നലുകൾ ഉപയോഗിച്ച്, പകലും രാത്രിയിലും മേഘാവൃതമായ അന്തരീക്ഷത്തിൽ പോലും ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്തും. സമുദ്ര ഗതാഗതം, എണ്ണ ചോർച്ച കണ്ടെത്തൽ, പ്രകൃതിദുരന്ത നിരീക്ഷണം, സ്മാർട്ട് കൃഷി എന്നിവയെ കുറിച്ചുള്ള ഡാറ്റകൾ കൈമാറാൻ ശേഷിയുണ്ട്. ഈ ഡാറ്റയുടെ വേഗവും കൃത്യതയും വർദ്ധിപ്പിക്കാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങളും ഉപയോഗിക്കുന്നു.

പുതിയ നേട്ടം രാജ്യത്തിന്റെ നേതാക്കളുടെ കാഴ്ചപ്പാടും എമറാത്തി എഞ്ചിനീയർമാരുടെ അർപ്പണബോധവും പ്രതിഫലിപ്പിക്കുന്നുവെന്നും എംബിആർഎസ് സി ചെയർമാൻ ഹമദ് ഉബൈദ് അൽ മൻസൂരി പറഞ്ഞു MBZ-SAT യുഎഇയുടെ ബഹിരാകാശ മേഖലയിലെ ഒരു സുപ്രധാന കാൽവയ്പ്പാണെന്ന് MBRSC ഡയറക്ടർ ജനറൽ സാലെം അൽ മർറി പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ എമറാത്തി ശാസ്ത്രജ്ഞർ വികസിപ്പിച്ച ഉപ​ഗ്രഹം നിലവിലെ സംവിധാനങ്ങളേക്കാൾ ഇരട്ടി കൃത്യതയോടെയും ചിത്രങ്ങൾ പകർത്താൻ ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

In Case You Missed It