ദുബൈ: കായിക പ്രേമികൾക്ക് ആവേശമുണർത്താൻ കായികക്ഷമതയും സാഹസികതയും ഒരുമിക്കുന്ന മസ്ഫൂട്ട് എക്സ് റേസ് ഫസ്റ്റ് എഡിഷൻ പ്രഖ്യാപിച്ച് അജ്മാൻ അജ്മാൻ ടൂറിസം, കൾച്ചർ ആൻഡ് മീഡിയ വകുപ്പ്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് ഡിസംബർ 2ന് മസ്ഫൂട്ട് മലയോര മേഖലയിൽ റേസിങ് സംഘടിപ്പിക്കുന്നത്. മൗണ്ടൻ ട്രെയിൽ റണ്ണിംഗ്, മൗണ്ടൻ ബൈക്കിംഗ്, ഒരു എൻഡ്യൂറൻസ് റൺ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ചേർന്നതാണ് മസ്ഫൂട്ട് റേസിങ്. കൂടാതെ, മൗണ്ടൻ കയാക്കിംഗ് ചലഞ്ച് പോലുള്ള വിനോദ പരിപാടികളും കായികതാരങ്ങൾക്കും സന്ദർശകർക്കും ആസ്വദിക്കാമെന്ന് സപ്പോർട്ട് സർവീസസ് ഡിപ്പാർട്ട്‌മെന്റ് തലവൻ ജവഹർ അൽ മത്രൂഷി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പ്രകൃതി ഒരുക്കിയ ട്രാക്കിൽ ഒരുക്കുന്ന മസ്ഫൂട്ട് റേസിങ് കായിക പ്രേമികളെ ആകർഷിക്കും.
യുഎൻ ടൂറിസം 2025-ലെ ലോകത്തിലെ മികച്ച ടൂറിസം ഗ്രാമം ആയി മസ്‌ഫൂട്ടിനെ അടുത്തിടെ തിരഞ്ഞെടുത്തതിൻ്റെ പശ്ചാത്തലത്തിലാണ് മസ്‌ഫൂട്ട് എക്സ് റേസ് സംഘടിപ്പിക്കുന്നത്. ഗ്രാമങ്ങളെയും മലയോര പ്രദേശങ്ങളെയും സുസ്ഥിരമായ വിനോദസഞ്ചാര-വികസന കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്‌മെൻ്റിൻ്റെ ‘എമിറേറ്റ്സ് വില്ലേജസ്’ പദ്ധതിയുടെ ഭാഗം കൂടിയാണ് റേസിങ്. ഗ്രാമീണ-സ്‌പോർട്‌സ് ടൂറിസം വളർത്തുന്നതിനും രാജ്യത്തിൻ്റെ ആഗോള ടൂറിസം പ്രശസ്തി വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള യുഎഇയുടെ ദേശീയ കാഴ്ചപ്പാടിനും ഇത് കൂടുതൽ കരുത്തുപകരും.
ടൂറിസം കേന്ദ്രമായി അജ്മാൻ
സ്‌പോർട്‌സ്, ടൂറിസം, കമ്മ്യൂണിറ്റി പങ്കാളിത്തം എന്നിവ സമന്വയിപ്പിക്കുന്ന ദേശീയ സംരംഭങ്ങൾക്കുള്ള അജ്മാൻ്റെ പിന്തുണയാണ് ‘മസ്‌ഫൂട്ട് എക്‌സ്’ റേസിൻ്റെ ആദ്യ പതിപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സാഹസിക-കായിക ടൂറിസത്തിൻ്റെ ഒരു പ്രധാന കേന്ദ്രമായി അജ്മാനെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പരിപാടിയെന്നും അവർ അഭിപ്രായപ്പെട്ടു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സജീവമായ സഹകരണം യുഎഇയുടെ ദേശീയ വികസന മാതൃകയുടെ കൂട്ടായ്മയെയും ഊർജ്ജസ്വലതയെയും സാക്ഷ്യപ്പെടുത്തുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഐക്യം, പ്രതിരോധശേഷി, എമിറാത്തി ജനതയുടെ നിലനിൽക്കുന്ന ചൈതന്യം എന്നിവ ഉയർത്തിക്കാട്ടുന്ന ഈ ഇവൻ്റ് രാജ്യത്തെ ദേശീയ പരിപാടികളുടെ കലണ്ടറിലെ ഒരു ശ്രദ്ധേയമായ കൂട്ടിച്ചേർക്കലായിരിക്കുമെന്നും മസ്‌ഫൂട്ട് മുനിസിപ്പാലിറ്റി ഡയറക്ടർ സൈഫ് ഘാദീർ അൽ കേത്ബി പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി (ഔദ്യോഗിക സ്പോൺസർ) സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും സി.പി.ഒയുമായ ശൈഖ മുറാദ് അൽ ബലൂഷി, എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്‌മെൻ്റ് കൺസൾട്ടൻ്റ് മുഹമ്മദ് അബ്ദുള്ള അൽ ഉബൈദ്ലി (സ്ട്രാറ്റജിക് പാർട്ണർ), എൻഡ്യൂറൻസ് സ്പോർട്സ് സർവീസസ് ചെയർമാൻ ബാദർ അൽ സറൂണി, മസ്‌ഫൂട്ട് മുനിസിപ്പാലിറ്റി ഡയറക്ടർ സൈഫ് ഘാദീർ അൽ കേത്ബി , അജ്മാൻ ടൂറിസം വകുപ്പിലെ ഇവന്റ്സ് മാനേജർ അബ്ദുള്ള അഹമ്മദ് അൽ ബേക്കർ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.




Comments