അജ്മാൻ: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ഗവേഷണങ്ങൾക്കും നവീകരണത്തിനും തുടക്കമിട്ട് അജ്മാൻ യൂണിവേഴ്സിറ്റിയിൽ രണ്ട് ദിവസം നീണ്ട് നിന്ന രണ്ടാമത് ഇന്ത്യ- അറബ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഉച്ചക്കോടിയ്ക്ക് സമാപനം. അജ്മാൻ കിരീടാവകാശിയും അജ്മാൻ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ എച്ച്.എച്ച്. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ, നടന്ന രണ്ടാമത് ഇന്ത്യ-അറബ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഉച്ചക്കോടിയിൽ അമ്പതോളം സർവ്വകലാശാലാ അധ്യക്ഷന്മാരും ആഗോള നയരൂപീകരണ വിദഗ്ധരും പങ്കെടുത്തു. അറബ് മേഖലയിൽ ആദ്യമായാണ് ഇന്ത്യ-അറബ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഉച്ചക്കോടി നടന്നത്. അതിരുകൾക്കപ്പുറമുള്ള സ്വാധീനം: ഗവേഷണം, നവീകരണം, ചലനാത്മകത” (Impact Beyond Borders: Research, Innovation, and Mobility) എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ധാരണയായി. അസോസിയേഷൻ ഓഫ് അറബ് യൂണിവേഴ്സിറ്റീസ്, ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ഇന്ത്യയുടെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചക്കോടി സംഘടിപ്പിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്ത ഉന്നത വിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കുന്നതിനുളള പദ്ധതികൾക്ക് തുടക്കമിട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരീക്ഷണ ഘട്ടങ്ങളിൽ നിന്ന് മാറ്റി ക്യാമ്പസുകളിൽ പൂർണ്ണമായി പ്രായോഗികമാക്കുവാനും സർവ്വകലാശാലകൾ തമ്മിൽ ധാരണയായി. ഇന്ത്യൻ-അറബ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സംയുക്ത ഗവേഷണങ്ങളും ഇരട്ട ബിരുദ പ്രോഗ്രാമുകളും സംഘടിപ്പിക്കും. തൊഴിലധിഷ്ഠിത പാഠ്യ പദ്ധതികളും കോഴ്സുകളും വർധിപ്പിക്കും. സർവ്വമേഖലയിലും പുരോഗമനം ഉറപ്പാക്കുന്ന പുത്തൻ കോഴ്സുകൾ കൊണ്ട് വരുന്നതിനും ധാരണയായി. ബിരുദധാരികൾക്ക് തൊഴിൽ വിപണിയിൽ ആവശ്യമായ നൈപുണ്യങ്ങൾ ഉറപ്പാക്കാൻ പാഠ്യപദ്ധതിയിൽ വരുത്തേണ്ട മാറ്റങ്ങളും ചർച്ച ചെയ്തു. വിവിധ സ്ഥാപനങ്ങൾ തമ്മിൽ ഇരുപതിലധികം ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

നിലവിലെ സാങ്കേതികവും സാമ്പത്തികവുമായ മാറ്റങ്ങളുടെ “ശില്പികൾ” സർവ്വകലാശാലകളാണെന്ന് അജ്മാൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. കരീം സെഘീർ അഭിപ്രായപ്പെട്ടു. യഥാർത്ഥ ലോകത്ത് സ്വാധീനം ചെലുത്തുന്ന രീതിയിൽ ഗവേഷണങ്ങളെ വ്യാപിപ്പിക്കുന്നതിലൂടെ, ഉന്നതവിദ്യാഭ്യാസം പൊതുസമൂഹത്തിന് ഗുണകരമായ ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, അറബ് സർവ്വകലാശാലാ അസോസിയേഷൻ സെക്രട്ടറി ജനറൽ പ്രൊഫ. അമർ ഇസ്സത്ത് സലാമ തുടങ്ങിയവരും സംസാരിച്ചു. നയതന്ത്ര ബന്ധങ്ങളെ സുസ്ഥിരമായ സാമ്പത്തിക-സാമൂഹിക സ്വാധീനങ്ങളിലേക്ക് മാറ്റുന്നതിന് ഇത്തരത്തിലുള്ള പങ്കാളിത്തങ്ങൾ അത്യന്താപേക്ഷിതമാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ചൂണ്ടിക്കാട്ടി.




Comments