ദുബായ്: ഫ്ലാറ്റിൽ അനധികൃതമായി മുടി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ താമസിക്കുന്ന റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് അനധികൃത ക്ലിനിക്കായി പ്രവർത്തിപ്പിക്കുകയായിരുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന ഈ അനധികൃത ചികിത്സാ പ്രവർത്തനങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും അധികൃതർ വ്യക്തമാക്കി.മൂന്ന് കിടപ്പുമുറികളുള്ള തന്റെ അപ്പാർട്ട്‌മെന്റിലെ ഒരു മുറി ശസ്ത്രക്രിയകൾക്കായും മറ്റ് രണ്ട് മുറികൾ താമസത്തിനും വേണ്ടിയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഈ താത്കാലിക ക്ലിനിക്കിൽ ആവശ്യമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം
പ്രതി തന്റെ അനധികൃത സേവനങ്ങൾക്കായി സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേക അക്കൗണ്ട് തുടങ്ങി, നടപടിക്രമങ്ങളുടെ വീഡിയോകൾ പങ്കുവെച്ച് ഉപഭോക്താക്കളെ ആകർഷിച്ചു വരികയായിരുന്നു. റെയ്ഡ് സമയത്ത്, മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ, അണുനാശിനികൾ തുടങ്ങിയ വിവിധ രാസവസ്തുക്കൾ, ലായനികൾ എന്നിവ പോലീസ് കണ്ടെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തു.
പോലീസും ഡിഎച്ച്എയും സംയുക്തമായി
ദുബായ് പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിലെ സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വിഭാഗം, ദുബായ് ഹെൽത്ത് അതോറിറ്റിയുമായി (ഡിഎച്ച്എ) സഹകരിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചതായും അനധികൃത ക്ലിനിക്ക് പ്രവർത്തിച്ച അപ്പാർട്ട്‌മെന്റ് അടച്ചുപൂട്ടിയതായും പോലീസ് അറിയിച്ചു.
ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി:
ലൈസൻസുള്ള ക്ലിനിക്കുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും മാത്രം ചികിത്സ തേടുക.
ആരോഗ്യ സംരക്ഷണ, സൗന്ദര്യ വർദ്ധക സേവനങ്ങൾ നൽകുന്നവരുടെ യോഗ്യതയും അനുഭവപരിചയവും ഉറപ്പുവരുത്തുക.
ജീവിതം അപകടത്തിലാക്കാൻ സാധ്യതയുള്ള വഴിതെറ്റിക്കുന്ന വാഗ്ദാനങ്ങളിൽ വീഴരുത്.
ഇത്തരം അനധികൃത പ്രവർത്തനങ്ങളെക്കുറിച്ച് അറിയാമെങ്കിൽ ദുബായ് പോലീസിന്റെ വിവിധ ആശയവിനിമയ ചാനലുകൾ വഴി ഉടൻ റിപ്പോർട്ട് ചെയ്യണം.
സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത പോലീസ് ആവർത്തിച്ചു.




Comments